Loading...
പട്ടിക്കാട്: ജാമിഅ: നൂരിയ്യയുമായി അഫ്‌ലിയേറ്റ് ചെയ്തു പ്രവർത്തിക്കുന്ന ജാമിഅ: ജൂനിയർ കോളേജുകളിലെ 2025 - 26 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക് അന്തിമ രൂപമായി. കേരളത്തിലും കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലുമായി 58 സ്ഥാപനങ്ങളാണ് ജാമിഅ: ജൂനിയർ കോളേജ് കോർഡിനേഷനു കീഴിലുള്ളത്. അറുന്നൂറിലധികം അധ്യാപകരും അയ്യായിരത്തോളം വിദ്യാർത്ഥികളും സംവിധാനത്തിന് കീഴിലുണ്ട്. സ്കൂൾ ഏഴാം ക്ലാസ് വിജയിച്ചവർക്ക് പ്രവേശനം നൽകുന്ന സെക്കണ്ടറി വിഭാഗത്തിലേക്കുള്ള പ്രവേശന പരീക്ഷ ഏപ്രിൽ 29 (ചൊവ്വ) നും അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി ഏപ്രിൽ 27 (ഞായർ) നുമാണ്. എസ് എസ് എൽ സി വിജയിച്ചവർക്ക് പ്രവേശനം നൽകുന്ന ഹയർ സെക്കണ്ടറി വിഭാഗത്തിലേക്കുള്ള പ്രവേശന പരീക്ഷ മെയ് 17 (ശനി) നും അപേക്ഷിക്കേണ്ട അവസാന ദിവസം മെയ് 15 (വ്യാഴം) നുമാണ്. ഏകീകൃത പ്രവേശന പരീക്ഷയിലൂടെയും ഏകജാലക സംവിധാനത്തിലൂടെയുമായിരിക്കും പ്രവേശനം. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലായി 31 പരീക്ഷാ കേന്ദ്രങ്ങളും കേരളത്തിനു പുറത്ത് മൂന്ന് പരീക്ഷാ കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. 43 സെക്കണ്ടറി സ്ഥാപനങ്ങളിലേക്കും 9 ഹയർ സെക്കണ്ടറി സ്ഥാപനങ്ങളിലേക്കുമാണ് ഈ അധ്യയന വർഷം പ്രവേശനം നൽകപ്പെടുന്നത്. ഏപ്രിൽ 18 (വെള്ളി) പ്രചാരണ ദിനമായി ആചരിക്കും. ജാമിഅ: ജൂനിയർ കോളേജ് വെബ്സൈറ്റിലൂടെ (https://jamiajuniorcolleges.com) ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അഡ്മിഷൻ മാർഗ്ഗ നിർദേശങ്ങൾ നൽകുന്നതിനായി ഈ അധ്യയന വർഷം അഡ്മിഷനുള്ള മുഴുവൻ സ്ഥാപനങ്ങളിലും ഹെൽപ് ഡെസ്കുകൾ സജ്ജീകരിച്ചിട്ടുണ്ട്. പ്രസ്തുത ഹെൽപ് ഡെസ്കുകൾ മുഖേനയും അപേക്ഷിക്കാവുന്നതാണ്. ജൂൺ 2 (തിങ്കൾ) ന് സെക്കണ്ടറി വിഭാഗത്തിനും ജൂൺ 11 (ബുധൻ) ന് ഹയർ സെക്കണ്ടറി വിഭാഗത്തിനും ക്ലാസുകൾ ആരംഭിക്കുന്നതാണ്. നമ്പർ. 9288951564